ആരോഗ്യരംഗത്ത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ടു പോകാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിലെത്താന്‍ നമ്മെ പ്രധാനമായും സഹായിച്ചത്. പക്ഷെ ഈ നേട്ടങ്ങളെ സുസ്ഥിരമായി നിലനിറുത്തുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. പൊതുമേഖലയിലെങ്കിലും കാര്യമായ നിക്ഷേപങ്ങള്‍ ഉണ്ടാവാതിരുന്നതും ദീര്‍ഘവീക്ഷണമുള്ള പദ്ധതികളുടെ അഭാവവുമാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണങ്ങള്‍. ഇതിന്റെ ഫലമായി പുതിയ തരം പകര്‍ച്ചവ്യാധികള്‍ ഉടലെടുക്കുകയും ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ സാധാരണമാവുകയും ചെയ്തു. ജീവിതരീതി രോഗങ്ങളുടെ വര്‍ദ്ധനയും സംസ്ഥാനത്തിന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയായി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളില്‍ ശ്രദ്ധയൂന്നുന്നതും പ്രാഥമിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതുമായ ഒരു നയം നടപ്പിലാക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

ഇതോടൊപ്പം സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ചികിത്സ ചിലവുകളും ഭീഷണി ഉയര്‍ത്തുന്നുണ്ട്. സ്വകാര്യമേഖലയിലെ ചികിത്സ ചിലവുകള്‍ താങ്ങാന്‍ ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സാധിക്കാതെ വരുന്നു. നിലവില്‍ 34% പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളെ ആശ്രയിക്കാന്‍ സാധിക്കുന്നത്. രോഗാവസ്ഥയിലുള്ളവരുടെ എണ്ണം പെരുകുകയും താങ്ങാനാവുന്ന ചികിത്സയുടെ ലഭ്യത കുറയുകയും ചെയ്യുന്നത് സംസ്ഥാനത്തിന്റെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആര്‍ദ്രം മിഷന് സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും രോഗികള്‍ക്ക് സൗഹാര്‍ദപരമായ ഒരു അന്തഃരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ദൗത്യം.

ലക്ഷ്യങ്ങള്‍
ആരോഗ്യരംഗത്ത് നിലവിലുള്ള കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം പുതിയ ചില ആശയങ്ങള്‍ അവതരിപ്പിക്കാനും ആര്‍ദ്രം മിഷന്‍ ലക്ഷ്യമിടുന്നു. കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് കൂടുതല്‍ സൗഹാര്‍ദപരമായ അന്തഃരീക്ഷം സൃഷ്ടിക്കുകയാണ് ഇതില്‍ പ്രധാനം. ദൈനംദിനം ആശുപത്രി സന്ദര്‍ശിക്കേണ്ടിവരുന്ന രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കാവും മുന്‍ഗണന. അതോടൊപ്പം തന്നെ ആരോഗ്യരംഗത്തെ മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗുണനിലവാരമുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടത്തും. ജില്ല, താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങള്‍ ഒരുക്കും. പ്രാഥമിക ചികിത്സ കേന്ദ്രങ്ങളെ കുടുംബ ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് മറ്റൊരു സുപ്രധാന ലക്ഷ്യം. ഇതുവഴി ഗ്രാമീണ മേഖലയിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിരോധത്തിനും പുരനധിവാസത്തിനും ഊന്നല്‍ നല്‍ക്കുന്ന ഒരു നവീനരീതി നടപ്പിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. എന്‍എച്ച്ആര്‍എം തുടങ്ങിയ ആരോഗ്യപദ്ധതികളുടെ മാര്‍ഗ്ഗരേഖകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഓരോ രോഗിയുടെ പ്രശ്‌നവും കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഉന്നത ഗുണനിലവാരമുള്ള സേവനങ്ങളാണ് രോഗികള്‍ക്ക് ലഭിക്കുന്നതെന്നും ഉറപ്പാക്കുന്നതിനുള്ള ശക്തമായ അവലോകന സംവിധാനം നടപ്പില്‍ വരുത്തും.

ദൗത്യം
കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് ആശുപത്രി സന്ദര്‍ശന സമയങ്ങളില്‍ പരമാവധി അനായാസമായ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ആര്‍ദ്രം മിഷന്റെ പ്രഥമ ദൗത്യം. രോഗനിര്‍ണയം സമയം വെബ് വഴി തീരുമാനിക്കാനുള്ള സംവിധാനം, രോഗികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍, ഓരോ വിദഗ്ധന്റെയും മുറിക്ക് മുന്നില്‍ ഇലക്ട്രോണിക് ബോര്‍ഡുകള്‍, രോഗികള്‍ക്ക് തങ്ങളുടെ ഊഴം വരുന്നതുവരെ കാത്തിരിക്കാനുള്ള സംവിധാനം, കാത്തിരിപ്പു മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍, സ്ഥലം കൃത്യമായി നിര്‍ണിയിക്കുന്നതിനുള്ള മാപ്പുകളും ചിഹ്നങ്ങളും, സ്വകാര്യത ഉറപ്പാക്കുന്നതിനായി പരിശോധന നടക്കുന്ന സ്ഥലത്തിനും പരിശോധന മേശയ്ക്കും കര്‍ട്ടന്‍ മറകള്‍, ഓരോ രോഗങ്ങളുടെയും ചികിത്സാഘട്ടങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഈ തന്ത്രത്തിന്റെ ഭാഗമായി വരും. മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുന്നതിനായി ആശുപത്രി ഭരണസമിതികള്‍, വികസനസമിതികള്‍ എന്നിവയുടെ പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ആശുപത്രിയിലെ എല്ലാ മേഖലകളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ട് സ്വോട്ട് (SWOT-ശക്തി, ദൗര്‍ബല്യം, അവസരങ്ങള്‍, ഭീഷണി) വിശകലനങ്ങള്‍ ഏര്‍പ്പെടുത്തും. പദ്ധതികളെ മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആറു മാസം കൊണ്ട് തീര്‍ക്കാവുന്നവ, ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാവുന്നവ, ഒരു വര്‍ഷത്തിന് മുകളില്‍ സമയമെടുക്കുന്നവ എന്നിങ്ങനെ തരംതിരിച്ച് ഒരോ പ്രവര്‍ത്തനങ്ങളും കൃത്യമായി അവലോകനം ചെയ്യും.


നിര്‍വ്വഹണം

ആരോഗ്യവകുപ്പാണ് ആര്‍ദ്രം മിഷന്റെ നിര്‍വഹണ ഏജന്‍സി. എന്നാല്‍ സംസ്ഥാന, ജില്ല തലങ്ങളില്‍ വകുപ്പിന് ആവശ്യമായ പിന്തുണ സംവിധാനങ്ങള്‍ വികസിപ്പിക്കും. ആവശ്യമായ സമയങ്ങളില്‍ വ്യക്തഗതവും സ്ഥാപനപരവുമായ സഹകരണങ്ങള്‍ സ്വകാര്യമേഖലയില്‍ നിന്നും തേടും. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക വിദഗ്ധര്‍, വിദേശത്തും സ്വദേശത്തുമുള്ള ഈ മേഖലയിലെ വിദഗ്ധര്‍ എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാക്കും. പദ്ധതിയുടെ നടത്തിപ്പിന് ദേശീയ ആരോഗ്യ മിഷന്‍, പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സജീവ സഹകരണം ഉറപ്പാക്കും. ആശുപത്രി ഭരണസമിതി, ശുചിത്വ കമ്മിറ്റി തുടങ്ങിയവയില്‍ പൊതുജനപങ്കാളിത്തവും ഉറപ്പാക്കും. സംസ്ഥാന, ജില്ല തലങ്ങളില്‍ ഏകോപന സമിതികള്‍ രൂപീകരിക്കും.

അവലോകനം
ഓരോ ദൗത്യവും കൃത്യമായി പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പാക്കുന്നതിനായി സൂചികകള്‍ നിര്‍ണയിക്കും. അടിസ്ഥാനതല ആരോഗ്യ സൂചികകളും ആപത്ഘടകങ്ങളും വിലയിരുത്തുന്നതിനായി സാംക്രമികരോഗ സര്‍വേകള്‍ നടത്തും. ഫലസൂചികകള്‍ വിലയിരുത്തിയതിന് ശേഷമുള്ള ഓരോ അഞ്ചു വര്‍ഷത്തിലും ഈ സര്‍വേകള്‍ ആവര്‍ത്തിക്കും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന സാമൂഹിക ഓഡിറ്റിലൂടെ ഈ സൂചികകളുടെ ഫലങ്ങള്‍ അവലോകനം ചെയ്യും.

സംസ്ഥാനതല മിഷന്‍

അധ്യക്ഷന്‍                  :       മുഖ്യമന്ത്രി

സഹ അധ്യക്ഷന്‍          :       ആരോഗ്യ വകുപ്പുമന്ത്രി

ഉപ അധ്യക്ഷന്‍മാർ       :       ധനകാര്യ വകുപ്പുമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി, പൊതുവിതരണ വകുപ്പുമന്ത്രി

പ്രത്യേക ക്ഷണിതാവ്     :       പ്രതിപക്ഷ നേതാവ്

മിഷന്‍ അംഗങ്ങള്‍        :       ചീഫ് സെക്രട്ടറി ആസൂത്രണബോർഡ് ഉപാധ്യക്ഷന്‍  നാമനിർദ്ദേശം ചെയ്യുന്ന ആസൂത്രണബോർഡിലെ ഒരംഗം.                                            ആരോഗ്യവകുപ്പ് അഡീഷണല് ചീഫ്  സെക്രട്ടറി, തദ്ദേശ ഭരണ വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനവകുപ്പ്                                           അഡീഷണല് ചീഫ് സെക്രട്ടറി,  കുടുംബശ്രീ  ഡയറക്ടർ, ആസുത്രണവകുപ്പ്  അഡീഷണല്‍ ചീഫ് സെക്രട്ടറി,                                           ഐ.ടി.വകുപ്പ് സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി

ജില്ലാതല മിഷന്‍ അധ്യക്ഷന്‍

അധ്യക്ഷന്‍                  :       ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് & ജില്ലാ ആസൂത്രണസമിതി ചെയർമാന്‍

അംഗങ്ങള്‍                 :       ജില്ലയില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങള്‍,  എംഎല്‍എ മാര്‍, മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട്  പഞ്ചായത്ത് പ്രസിഡന്റുമാര്‍ (പഞ്ചായത്ത്  പ്രസിഡന്റുമാരുടെ ജില്ലാ അസോസിയേഷന്റെ പ്രസിഡന്‍റും സെക്രട്ടറിയും).

സെക്രട്ടറി                   :       ജില്ലാ കലക്ടർ & ജില്ലാ ആസൂത്രണസമിതി സെക്രട്ടറി