ജീവനം – LIFE

എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കും. അതൊടൊപ്പം തൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കാനുള്ള സംവിധാനം ഉറപ്പാക്കും. സേവന-ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കും.നാലു വിധത്തിലുള്ള ഗുണഭോക്താക്കള്‍ ആണുള്ളത്:

1. ഭൂമിയുള്ള ഭവനരഹിതര്‍.

2. സര്‍ക്കാര്‍ സഹായം അപര്യാപ്തമാകയാല്‍ വീടുപണി പൂര്‍ത്തിയാക്കാത്തവര്‍. സര്‍ക്കാര്‍ പദ്ധതി പ്രകാരം കിട്ടിയ വീടുകള്‍ വാസയോഗ്യമല്ലാതായി എന്ന നിലയിലുള്ളവര്‍.

3. പുറമ്പോക്കിലോ തീരത്തോ തോട്ടം മേഖലയിലോ താല്‍ക്കാലിക വീടുള്ളവര്‍.

4. ഭൂമിയും ഭവനവും ഇല്ലാത്തവര്‍. ആദ്യ രണ്ടു കൂട്ടര്‍ക്കും ആവശ്യമായ തുക പിഡബ്ല്യുഡി ഷെഡ്യൂള്‍    അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കും.

നിര്‍മാണ സാമഗ്രികളുടെ ലഭ്യത ബ്ലോക്ക് തലത്തിലുറപ്പാക്കും. ഇതിനായി എഞ്ചിനീയറിങ് കോളേജുകളുടെ മേല്‍നോട്ടസംവിധാനം ഒരുക്കും. നിര്‍മാണ പുരോഗതി ജനങ്ങളെ അറിയിക്കാന്‍ ഐറ്റി അധിഷ്ഠിത മോണിറ്ററിങ് സംവിധാനം. മൂന്നൂം നാലും വിഭാഗക്കാര്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങള്‍. അവിടങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കും. ഉദാ: അങ്കണവാടി, സ്കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കല്‍, പഠനത്തില്‍ പിന്നിലായവര്‍ക്ക് സ്പെഷ്യല്‍ കോച്ചിങ്, ഇംഗ്ലീഷ്, ഐറ്റി പഠനത്തിനു പ്രത്യേക ഊന്നല്‍, കൗമാരക്കാര്‍ക്ക് കൗണ്‍സ്‌ലിങ്, സ്കില്‍ ട്രെയിനിങ്, ഉന്നത വിദ്യാഭ്യാസ പരിശീലനം, ആരോഗ്യ പരിരക്ഷ, വിവാഹ സഹായം. വയോജന പരിപാലനം. പാലിയേറ്റീവ് കെയര്‍ തുടങ്ങിയവ. പദ്ധതിയിലൂടെ നിര്‍മിക്കുന്ന വീടുകള്‍ വാടകയ്ക്കു നല്‍കാനോ കൈമാറാനോ അനുവാദമുണ്ടാകില്ല. എന്നാല്‍ പ്രതിമാസം നിശ്ചിത തുക മുടക്കം കൂടാതെ നല്‍കി 15-20 വര്‍ഷങ്ങള്‍ക്കുശേഷം ഇതു സ്വന്തമാക്കാം.

പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന-ജില്ലാ-പഞ്ചായത്തു തലങ്ങളില്‍ ത്രിതല സംവിധാനം ഒരുക്കും.

ലക്ഷ്യം

വരുന്ന അഞ്ച് വര്‍ഷത്തിനുളളിൽ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവന രഹിതര്‍ക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പകത്തിക സേവനങ്ങൾ ഉൾപ്പടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ക്രേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമ്പൂർണ്ണ  പാർപ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുക

സമ്പൂർണ്ണ  പാർപ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിന്.മെച്ചപ്പെട്ട ഭവനത്തോടൊപ്പം തന്നെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുവാൻ ഉതകുന്ന സംവിധാനങ്ങൾ  കുട്ടികളുടെ പഠനത്തിനും  പ്രത്യേക പരിശീലനങ്ങൾക്കും സൗകര്യം,  സ്വയം തൊഴിൽ പരിശീലനം, വയോജന പരിപാലനം, സ്വാന്തന ചികിത്സ, സമ്പാദ്യവും വായ്പ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുളള സംവിധാനം തുടങ്ങി ജീവിതവും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ ഉതകുന്ന സഹായങ്ങളും സേവനങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് പാർപ്പിട സൗകര്യം ലഭ്യമാക്കുക.

മിഷനെപ്പറ്റി

സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ കണക്കുകൾപ്രകാരം നമ്മുടെ സംസ്ഥാനത്ത് 4.32 ലക്ഷം കുടുംബങ്ങളാണ് ഭവന രഹിതർ. ഇതി ൽ 1.58 ലക്ഷം ഭൂമിയില്ലാത്ത ഭവനരഹിതരുവുമാണ്.  ലൈഫ് പ്രോജക്ടിന്‍റെ ഗുണഭോക്തങ്ങളായി വരുന്നത് ഈ  ഭൂമിയില്ലാത്ത ഭവന രഹിതരാണ്.    ഇവരിൽ 50 ശതമാനത്തോളം  5 കോർപ്പറേഷനുകൾ,  16 മുനിസിപ്പാലിറ്റികൾ , 43 ഗ്രാമപഞ്ചായത്തുകൾ  എന്നിവിടങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നതുകൂടാതെ 264 ഗ്രാമപഞ്ചായത്തുകളിലും    5 മുനിസിപ്പാലിറ്റികളിലും 100 നും 250 നും മിടയിൽ ഭവന രഹിതരുണ്ട്.  191 ഗ്രാമപഞ്ചായത്തുകളിലും    1  മുനിസിപ്പാലിറ്റിയിലും 100-ൽ താഴെയാണ് ഭവന രഹിതരുടെ എണ്ണം.   ഇതനുസരിച്ച് 87000 ഭവനങ്ങൾ നൽകാനായാൽ സംസ്ഥാനത്തെ 533 ഗ്രാമപഞ്ചായത്തുകളെയും 7 മുനിസിപ്പാലിറ്റികളെയും ഭവനരഹിതരില്ലാത്ത പ്രദേശങ്ങളായി മാറ്റാം.ആകെ ഭവന രഹിതരിൽ 10.4 ശതമാനത്തിന് തങ്ങളുടെ ഭവനങ്ങൾ പണിതീർത്തെടുക്കാൻ സാധിക്കാത്തവരും അധിക ഫണ്ട് ആവശ്യമുളളവരുമാണ്.  ഭൂരിഭാഗം  ഭവന രഹിതരും (92 ശതമാനം) നിലവിലുളള ഭവന നിർമ്മാണ സഹായ പദ്ധതികളിൽ ലഭ്യമാകുന്ന സഹായ ധനം പര്യാപ്തമല്ല എന്ന് അഭിപ്രായപ്പെട്ടവരാണ്

ഉപജീവന മാര്‍ഗങ്ങള്‍ക്ക് ഉതകുന്ന രീതിയിൽ    മാര്‍ഗങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ മറ്റ് സാമൂഹിക സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുമിക്കുന്ന, സമൂഹത്തില്‍ അന്തസ്സുള്ള ഒരു ഭവനം ലഭ്യമായാല്‍ അവയുടെ പരിപാലനത്തിനും കാത്ത് സൂക്ഷിപ്പിനും വേണ്ടി ന്യായമായ ഒരു തുക മാസംതോറും മാറ്റി വയ്ക്കാന്‍ മടിയുണ്ടാകില്ല എന്നാണ് സൂചിപ്പിക്കുന്നത്.

വളരെ കഷ്ടപ്പെട്ടാണെങ്കിലും ഒരു ഭവനം സ്വന്തമാക്കിയവര്‍ പോലും, ജീവിതത്തിലെ അടിയന്തിര ഘട്ടങ്ങളിൽ അവ പണയപ്പെടുത്തുന്നതിനോ വില്‍ക്കുന്നതിനോ പോലും തയ്യാറാകുന്ന നിസ്സഹായവസ്ഥ നിലനില്‍ക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍, കുട്ടികളുടെ പഠനം, ജോലി, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് പലപ്പോഴും ഇതുണ്ടാകുന്നത്. അപ്രാപ്യമായ സ്ഥലങ്ങളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നല്‍കിയിട്ടുള്ള പാര്‍പ്പിടങ്ങളിൽ ആരോഗ്യ പരിപാലനത്തിന്, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന്, ജീവിത സൗകര്യങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിന് ഒക്കെയുള്ള സാഹചര്യമില്ലായ്മയാണ് പലപ്പോഴും ഭവനങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നത്.

ഏറ്റവും കൂടുതല്‍ ഭൂരഹിത ഭവന രഹിതരുള്ള 64 തദ്ദേശ സ്വയംഭരണപ്രദേശങ്ങളില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട്, ജീവിതവും, ഉപജിവനവും, സാമൂഹിക സുരക്ഷയും ഒന്നിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങൾ  നിര്‍മ്മിച്ച് സുരക്ഷിത ഭവനങ്ങൾ നല്‍കാനായാൽ ഈ രംഗത്തെ ഇന്ന് അനുഭവപ്പെടുന്ന മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.

നിലവില്‍ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പദ്ധതികളിൽ ഭവന നിര്‍മ്മാണത്തിന് വളരെയധികം തുക മാറ്റി വയ്ക്കുകയും ചെലവഴിയ്ക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാന പദ്ധതിയിലും കേന്ദ്രസര്‍ക്കാർ വിഹിതമായും ഭവനപദ്ധതികള്‍ക്ക് വകമാറ്റി വയ്ക്കുന്നുമുണ്ട്.

നിര്‍വ്വഹണം

വിവിധ വകുപ്പുകളിലായി ഇപ്പോള്‍ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന വ്യത്യസ്ത ഭവനപദ്ധതികള്‍ സംയോജിപ്പിച്ച് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് കീഴിൽ കൊണ്ടുവരും.

സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്കും വിധവകള്‍ക്കും അഗതികൾ ഉള്‍പ്പെടെയുള്ളവര്‍ക്കും മുന്‍ഗണന നല്‍കും.

സ്വന്തമായി വീടും സ്ഥലവുമില്ലാത്തവര്‍ക്കും ഫ്ലാറ്റുകളിൽ താമസിക്കുന്ന ഭവനരഹിത ഗുണഭോക്താക്കള്‍ക്കും സ്ഥലം ലഭ്യമാക്കി ഫ്ലാറ്റ് സമുച്ചയങ്ങൾ തയ്യാറാക്കും.

പട്ടികവര്‍ഗ്ഗ മേഖലകളിൽ അട്ടപ്പാടി മോഡലിൽ വിശ്വാസ്യതയുള്ള ഏജന്‍സികൾ മുഖാന്തിരം ഗുണഭോക്തൃ പങ്കാളിത്തത്തോടെ ഭവനനിര്‍മ്മാണം സാധ്യമാക്കും.

ഭൂരഹിത ഭവനരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന, യൂണിറ്റ് കോസ്റ്റ് 10 ലക്ഷം രൂപയിൽ കവിയാതെ സ്ഥലം ലഭ്യമാക്കി വീട് നിര്‍മ്മിച്ചു നല്‍കുന്ന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയും ഈ പദ്ധതിയിൽ ഉള്‍പ്പെടുത്തും.

കേന്ദ്രസര്‍ക്കാർ  സംസ്ഥാന സര്‍ക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ ഭവന പദ്ധതികള്‍ക്കായി മാറ്റിവച്ചിട്ടുള്ള പണം ലൈഫ് പ്രോജക്ടിന്‍റെ നടത്തിപ്പിലേയ്ക്ക് പൂര്‍ത്തിയാക്കിയ പണികളുടെ സാക്ഷ്യപ്പെടുത്തലിലൂടെ വിതരണം ചെയ്യുന്നതിന് മാനദണ്ഡങ്ങള്‍ ഉണ്ടാക്കും.

കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളും പോളിടെക്നിക്കുകളും സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയിൽ തേര്‍ഡ് പാര്‍ട്ടി ടെക്നിക്കൽ ഏജന്‍സികളായിരിക്കും. ഇവയുടെ ഏകോപനത്തിനും നേതൃത്വം നല്‍കുന്നതിനുമായി എന്‍.ഐ.റ്റി. കോഴിക്കോടിനെയും, സി.ഇ.റ്റി തിരുവനന്തപുരത്തിനേയും മുഖ്യതേര്‍ഡ് പാര്‍ട്ടി ടെക്നിക്കൽ ഏജന്‍സികളായി നിയമിക്കും.

പണിപൂര്‍ത്തിയാക്കാതെ കിടക്കുന്ന ഭവനങ്ങളുടെ സാങ്കേതിക ഓഡിറ്റ് നടത്തുന്നതിനും അവയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ തുകയെത്രയെന്ന് നിര്‍ണ്ണയിക്കുന്നതിനും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും സംവിധാനമൊരുക്കും.

പണിപൂര്‍ത്തിയാകാതെ നിലവില്‍. ഭവന നിര്‍മ്മാണ സഹായം ലഭിച്ചിട്ടുള്ളവര്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായമുള്‍പ്പെടെ നല്‍കി പാര്‍പ്പിടങ്ങ‍‍‍‍‍‍‍‍‍‍‍‍‍‍ൾ പൂര്‍ത്തീകരിക്കുന്നതിന് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുന്‍ഗണന നല്‍കും.

പൂര്‍ത്തിയാക്കാത്ത പാര്‍പ്പിടങ്ങൾ ഉള്ളവര്‍‍ അതാത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ രജിസ്റ്റർ ചെയ്യുകയും ലഭിച്ച സഹായങ്ങളുടെയും വിനിയോഗത്തിന്‍റെയും വിവരങ്ങളും. വീട് പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ തുകയുടെ വിവരവും തേര്‍ഡ് പാര്‍ട്ടി ടെക്നിക്കൽ ഏജന്‍സികളെ പരിശോധിച്ചാണ് തീരുമാനമെടുക്കുക.

കേന്ദ്രനഗരഭവനമിഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഭവനങ്ങളുടെ വലിപ്പം 600 സ്ക്വയർ ഫീറ്റ് ആയിരിക്കും. സര്‍ക്കാർ സഹായം അഞ്ച് ലക്ഷം രൂപയായിരിക്കും.

സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് പഞ്ചായത്ത് തല മിഷനുകള്‍ക്കായിരിക്കും ചുമതല.

സംസ്ഥാന തലത്തിലും ജില്ലാതലത്തിലുമുള്ള മിഷനുകള്‍, കമ്പനികള്‍, ഗവണ്‍മെന്‍റിതര സംഘടനകള്‍, സാമൂഹിക സംഘടനകൾ മത സ്ഥാപനങ്ങള്‍ എന്നിവകളുമായി ഭവന നിര്‍മ്മാണത്തിന് പങ്കാളിത്തത്തിൽ ഏര്‍പ്പെടാവുന്നതാണ്. ഇത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളും തേര്‍ഡ് പാര്‍ട്ടി ടെക്നിക്കൽ ഏജന്‍സികളുടെ ഓഡിറ്റിന് വിധേയമാകും.

മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത, ഭവന നിര്‍മ്മാണത്തിന് മുന്‍ഗണനാടിസ്ഥാനത്തിൽ ഉറപ്പ് വരുത്താൻ ജില്ലാ കളക്ടർമാർ മേൽ  നോട്ടം വഹിക്കും

ലൈഫ് പ്രോജക്ടില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മ പരിശോധന നടത്താനും മുൻഗണന ലൈഫ് പദ്ധതിരേഖയില്‍ വിവരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.

64 തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ  ലൈഫ് പ്രോജക്ട് നടപ്പാക്കാനായി മിച്ചഭൂമി, സർക്കാർ ഭൂമി എന്നിവ ഉള്‍പ്പെടെ അനുയോജ്യമായ സ്ഥലം കണ്ടെത്തുക ജില്ലാകളക്ടറായിരിക്കും.

പദ്ദതി നിര്‍വ്വഹണത്തിൽ ലൈഫ് പ്രോജക്ടിലെ ഗുണഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് സാമൂഹിക വിദഗ്ദ്ധരുടെ സഹായത്താല്‍ ഒരു പങ്കാളിത്ത നടത്തിപ്പ് രീതി ആണ് അനുവര്‍ത്തിക്കുക.

കേന്ദ്രസര്‍ക്കാർ ഏജന്‍സിയായ ബില്‍ഡിംഗ് ടെക്നോളജി പ്രൊമോഷന്‍ കൗണ്‍സിൽ കണ്ടെത്തിയിട്ടുള്ള പ്രീഎഞ്ചിനീയറിംഗ്, പ്രീഫാബ് സാങ്കേതിക വിദ്യകള്‍ പദ്ധതി നിര്‍വ്വഹണത്തിൽ ഉപയോഗിക്കും. ഇതിനായി ആവശ്യമുള്ള പരിശോധനകൾ  നടത്തുന്നതും അനുയോജ്യമായത് തെരഞ്ഞെടുത്ത് ശുപാര്‍ശകൾ നല്‍കുന്നത് മുഖ്യ തേര്‍ഡ് പാര്‍ട്ടി ടെക്നിക്കൽ ഏജന്‍സികളായിരിക്കും.

തദ്ദേശസ്വയംഭരണ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്റെ ഘടന
അധ്യക്ഷന്‍ : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പല്‍ ചെയര്‍മാന്‍/ മേയര്‍.
അംഗങ്ങള്‍ : ബന്ധപ്പെട്ട ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഭരണസമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, കൃഷി ഓഫീസര്‍, കുടുംബശ്രീ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയര്‍. ഓരോ പദ്ധതിതലത്തിലും ഗുണഭോക്താക്കളെ സംഘടിപ്പിച്ചുകൊണ്ട് അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും ശേഷിവര്‍ധനവും ഉറപ്പാക്കി ജനപങ്കാളിത്തത്തോടെ ആയിരിക്കും പദ്ധതികളുടെ ആസൂത്രണം, നിര്‍വഹണം, തുടര്‍നടത്തിപ്പ്, സാമൂഹിക ഓഡിറ്റിങ് നടപ്പാക്കുക.

ഭൂമിലഭ്യത ഉറപ്പാക്കല്‍, വിഭവസമാഹരണമുറപ്പാക്കല്‍, ഗുണഭോക്താക്കളെ നിര്‍ണയിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കല്‍, മേല്‍നോട്ടം നടത്തല്‍, പൊതുമാര്‍ഗ നിര്‍ദേശങ്ങള്‍ അതതുസമയം ആവിഷ്കരിക്കല്‍ എന്നിവയാണ് മിഷന്റെ പ്രധാന ദൗത്യങ്ങള്‍.

സംസ്ഥാന പാര്‍പ്പിട മിഷന്‍ ടാസ്ക്ഫോഴ്സ്
അധ്യക്ഷന്‍ : മുഖ്യമന്ത്രി
സഹ അധ്യക്ഷന്‍ : തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി
ഉപ അധ്യക്ഷന്‍: ധനകാര്യം, ഭവനനിർമ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജലവിഭവം, തൊഴില്‍, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, മത്സ്യബന്ധനം വകുപ്പുമന്ത്രിമാരും സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷനും (9 പേർ)
പ്രത്യേക ക്ഷണിതാവ്: പ്രതിപക്ഷ നേതാവ്
മിഷന്‍ സെക്രട്ടറി : തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി
മിഷന്‍ അംഗങ്ങള്‍ ചീഫ് സെക്രട്ടറി
ജില്ലാതല മിഷന്‍
അധ്യക്ഷന്‍ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് & ജില്ലാ ആസൂത്രണസമിതി ചെയർമാന്‍
അംഗങ്ങള്‍ : ജില്ലയില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങള്‍, എംഎല്‍എ മാര്‍ മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ (പഞ്ചായത്ത് പ്രസിഡന്റുമാരുടെ ജില്ലാ അസോസിയേഷന്റെ പ്രസിഡന്‍റും സെക്രട്ടറിയും).
സെക്രട്ടറി : ജില്ലാ കലക്ടർ